സ്ഥാപന ചരിത്രം
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്
ചരിത്രം • സംസ്കാരം • പൈതൃകം • തദ്ദേശ സ്ഥാപന ചരിത്രം
ചരിത്രവും സാംസ്കാരിക പൈതൃകവും
മദ്ധ്യതിരുവിതാംകൂറിലെ ചരിത്രപ്രാധാന്യമുള്ള ഓണാട്ടുകര പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കലാ-സാംസ്കാരിക രംഗത്ത് പേരുകേട്ട ഈ നാട് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് 13 കരകൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്ന കെട്ടുകാഴ്ചകളാലാണ് ലോകപ്രശസ്തിയാർജ്ജിച്ചത്.
സംഘകാലഘട്ടം മുതൽ തന്നെ ഈ നാടിന് സാംസ്കാരിക രംഗത്ത് പ്രാമുഖ്യമുണ്ടായിരുന്നു. തേർ, കുതിര, ഭീമൻ, ഹനുമാൻ, പാഞ്ചാലി തുടങ്ങി കരക്കാർ ഒത്തൊരുമിച്ച് കെട്ടിയുണ്ടാക്കുന്ന അംബരചുംബികളായ കെട്ടുകാഴ്ചകൾ ചെട്ടികുളങ്ങരയുടെ കലാപാരമ്പര്യത്തിന്റെ മകുടോദാഹരണങ്ങളാണ്.
കുംഭഭരണിയോടനുബന്ധിച്ച് ഓണാട്ടുകര പ്രദേശത്ത് നടന്നുവരുന്ന അനുഷ്ഠാന കലാരൂപമാണ് കുത്തിയോട്ടം. തനതായ ശീലുകളും ചുവടുകളും കുത്തിയോട്ട ആശാൻമാരുടെ ശിക്ഷണത്തിൽ അഭ്യസിച്ച കലാകാരന്മാർ കുത്തിയോട്ടം വഴിപാടായി സമർപ്പിക്കുന്ന വീടുകളിൽ ശിവരാത്രി നാൾ മുതൽ സന്ധ്യയ്ക്ക് ആചാരാനുഷ്ഠാനങ്ങളോടെ ചുവടുവയ്ക്കുന്നു.
ഈ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ലോകത്തിന്റെ അംഗീകാരമായി കുംഭഭരണി ഉത്സവം UNESCOയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
തദ്ദേശ സ്ഥാപന ചരിത്രം
ആലപ്പുഴ റവന്യൂ ജില്ല ഉണ്ടായതിന് ശേഷം 1958-ൽ നിയമിക്കപ്പെട്ട ജില്ലാ ഡീലിമിറ്റേഷൻ കമ്മറ്റിയാണ് ചെട്ടികുളങ്ങര പഞ്ചായത്ത് രൂപീകരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.
1951-ൽ തിരു-കൊച്ചി സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികൾ നിലവിൽ വരുന്നതിന് മുൻപ് തന്നെ 1946 മുതൽ ഇപ്പോഴത്തെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പെരിങ്ങാല വില്ലേജിന്റെ ഭാഗങ്ങൾ ചേർത്ത് ഈരേഴ വില്ലേജ് യൂണിയനും, കണ്ണമംഗലം വില്ലേജിന്റെ ഭാഗങ്ങൾ ചേർത്ത് കണ്ണമംഗലം വില്ലേജ് യൂണിയനും നിലവിലുണ്ടായിരുന്നു.
പെരിങ്ങാല-കണ്ണമംഗലം വില്ലേജുകളുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി “പെരിങ്ങാല കണ്ണമംഗലം അപ്‌ലിഫ്റ്റ്” എന്ന പേരിൽ ഒരു ജനകീയ സമിതിയും പ്രവർത്തിച്ചിരുന്നു.
1951-ൽ ഈരേഴ വില്ലേജ് യൂണിയനെ പെരിങ്ങാല പഞ്ചായത്തെന്നും കണ്ണമംഗലം വില്ലേജ് യൂണിയനെ കണ്ണമംഗലം പഞ്ചായത്തെന്നും നാമകരണം ചെയ്തു.
ഈരേഴ വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന ശ്രീ. കൊക്കാട്ടു ജി. മാധവൻ പിള്ള പെരിങ്ങാല പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി തുടർസേവനം അനുഷ്ഠിച്ചു. പിന്നീട് ശ്രീ. എസ്. ഗോവിന്ദക്കുറുപ്പ് അധ്യക്ഷനായ ഭരണസമിതി 1961 വരെ പ്രവർത്തിച്ചു.
കണ്ണമംഗലം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി മീനത്തേതിൽ ശ്രീ. എം.സി. അലക്സാണ്ടർ ചുമതലയേറ്റു. അദ്ദേഹത്തിന്റെ രാജിക്ക് ശേഷം മലയിൽ ശ്രീ. പി.ആർ. നാരായണപ്പണിക്കർ 1961 വരെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
1962-ൽ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് രൂപീകൃതമായതിന് ശേഷം 1963 വരെ ഒരു സ്പെഷ്യൽ ഓഫീസറുടെ മേൽനോട്ടത്തിലാണ് ഭരണകാര്യങ്ങൾ നടന്നുവന്നത്.
🏛 സാംസ്കാരിക പൈതൃകം
കെട്ടുകാഴ്ചയും കുത്തിയോട്ടവും
🎭 ലോകപ്രശസ്തി
കുംഭഭരണി മഹോത്സവം
📜 തദ്ദേശഭരണ ചരിത്രം
1962 മുതൽ ഗ്രാമപഞ്ചായത്ത്
```